ഹൈദരബാദ്: അച്ഛനൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവു നായ്ക്കള്‍ കടിച്ചു കൊന്നു. ഹൈദരാബാദിലെ ഷംഷാബാദില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
ഷംഷാബാദിലെ രാജീവ് ഗൃഹകല്‍പ കോംപ്ലക്‌സിലെ താല്‍ക്കാലിക വീട്ടില്‍ താമസിക്കുന്ന തൊഴിലാളി കെ സൂര്യകുമാറിന്റെ ഒരു വയസ്സുള്ള മകന്‍ കെ നാഗരാജുവാണു കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. നഗരത്തില്‍ കഴിഞ്ഞ മാര്‍ച്ചിനുശേഷം ഇതു ഒന്‍പതാം തവണയാണു തെരുവുനായ്ക്കള്‍ ആളുകളെ ആക്രമിക്കുന്നത്.
ബുധനാഴ്ച രാത്രി മൂത്ത കുട്ടി നാഗരാജു, 20 ദിവസം പ്രായമായ ഇളയകുഞ്ഞ് എന്നിവര്‍ക്കൊപ്പം താല്‍ക്കാലിക വീട്ടില്‍ സൂര്യകുമാര്‍ കിടക്കുകയായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെ നായ്ക്കളുടെ ബഹളം കേട്ടുണര്‍ന്ന നാട്ടുകാര്‍ സൂര്യകുമാറിനെ വിളിച്ചുണര്‍ത്തി. ഇദ്ദേഹം ഉണര്‍ന്നു നോക്കിയപ്പോള്‍ നാഗരാജുവിനെ കാണാനില്ലായിരുന്നു. പുറത്തേക്ക് ഓടി വന്നു നോക്കിയപ്പോള്‍ കുഞ്ഞ് മരിച്ചു കിടക്കുന്നതാണു കണ്ടതെന്ന് സൂര്യകുമാര്‍ പറഞ്ഞു.