പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‌റെ വാഹനത്തില്‍ നിന്നും പാമ്പിനെ കണ്ടെത്തി. എംഎല്‍എ തന്നെയാണ് ഇക്കാര്യം തന്‌റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. എംഎല്‍എ സഞ്ചരിച്ച വാഹനത്തിലെ ഡാഷ്‌ബോര്‍ഡിനും ഡ്രൈവര്‍ സീറ്റിന് മുന്‍വശത്തുമായാണ് പാമ്പ് കിടന്നിരുന്നത്.

ഇതിന്‌റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മഴക്കാലമായതിനാല്‍ പാമ്പുകള്‍ എവിടെയും കയറിയിരിക്കാമെന്നും ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തോടോപ്പം പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

പരിപാടികള്‍ കഴിഞ്ഞ് വീട്ടിലെത്തി വാഹനത്തില്‍ നിന്നിറങ്ങി നോക്കിയപ്പോഴാണ് താന്‍ പാമ്പിനെ കണ്ടതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. മഴക്കാലമായതോടെ ഹെല്‍മറ്റുകളിലും വാഹനങ്ങളുടെ ബോണറ്റുകളിലും ബൈക്കുകളിലും വീട്ടിനുള്ളിലും പാമ്പുകളെ കണ്ടെത്തിയതായി വിവിധ ജില്ലകളില്‍ നിന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

