തിരുവനന്തപുരം: കോഴിക്കോട് താമരശ്ശേരിയിലെ സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപണം നേരിടുന്ന സഹവിദ്യാർഥികൾക്ക് പഠനവിലക്ക് പാടില്ല എന്ന് നിർദേശിച്ച് ബാലാവകാശ കമ്മിഷൻ.

ആറു വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചത് നിയമവിരുദ്ധമാണ് എന്ന് കമ്മിഷൻ വിലയിരുത്തി. ഞായറാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിച്ച് റിപ്പോർട്ട് നൽകണം എന്നാണ് ഉത്തരവിൽ ഉള്ളത്.

വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയതിനെതിരേ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഫലം തടഞ്ഞുവെക്കാനും മൂന്നുവർഷത്തേക്ക് പരീക്ഷയെഴുതുന്നത് വിലക്കാനും കേരള പൊതുപരീക്ഷാ ബോർഡാണ് തീരുമാനിച്ചത്.
ഇതനുസരിച്ച് പരീക്ഷാകമ്മിഷണർ ഉത്തരവിറക്കുകയും ചെയ്തു. ഇതിനെതിരേയാണ് കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കൾ കമ്മിഷനെ സമീപിച്ചത്.

