തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ തലസ്ഥാനത്ത് വീണ്ടും എസ്എഫ്ഐ ബാനർ. ആയുർവേദ കോളേജിലാണ് എസ്എഫ്ഐ ബാനർ കെട്ടിയത്.

‘ഹിറ്റ്ലർ തോറ്റു, മുസോളിനി തോറ്റു, സാർ സി പിയും തോറ്റുമടങ്ങി. എന്നിട്ടാണോ രാജേന്ദ്രാ’ എന്നാണ് ബാനർ. നേരത്തെ തിരുവനന്തപുരം സംസ്‌കൃത കോളേജിലും എസ്എഫ്ഐ ബാനർ കെട്ടിയിരുന്നു. ആർഎസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവൻ എന്നാണ് ബാനറിൽ ഉണ്ടായിരുന്നത്.

അതേസമയം, ഭാരതാംബ വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് നേരെയുള്ള ബിജെപി പ്രതിഷേധവും രൂക്ഷമാകുകയാണ്. കോഴിക്കോട് മന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എന്നാൽ ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകർ യുവമോർച്ച പ്രവർത്തരുമായി സംഘർഷമുണ്ടായി. ഇതേ തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇരു വിഭാഗത്തെയും പിടിച്ചുമാറ്റി.

