Kerala

മൂവാറ്റുപുഴ നിര്‍മല കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധം; പങ്കില്ലെന്ന് എസ്എഫ്‌ഐ

കൊച്ചി: മൂവാറ്റുപുഴ നിര്‍മല കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് എസ്എഫ്‌ഐ. കോളേജില്‍ നമസ്‌കാര മുറി വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എസ്എഫ്‌ഐ നേതൃത്വം പറഞ്ഞു.

എസ്എഫ്‌ഐ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം

കേരളത്തിലെ ക്യാമ്പസുകള്‍ മതേതരമായി നിലനിര്‍ത്തുന്നതിന് വേണ്ടി എന്നും മുന്നില്‍ നിന്നിട്ടുള്ള സംഘടനയാണ് എസ്.എഫ്.ഐ.

ക്യാമ്പസുകളില്‍ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങള്‍ ചെയ്യാന്‍ അനുവദിച്ചാല്‍ പിന്നീടത് മുഴുവന്‍ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന ഇടമായി മാറുമെന്നും അത് ക്യാമ്പസുകളുടെ മതേതര ബോധത്തെ ബാധിക്കുമെന്ന നല്ല ബോധ്യമുള്ള സംഘടനയാണ് എസ്.എഫ്.ഐ. മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി എസ്.എഫ്.ഐ സമരം സംഘടിപ്പിച്ചിട്ടില്ല. രണ്ട് വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പാള്‍ ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധം എസ്.എഫ്.ഐയുടെ തലയില്‍ കെട്ടിവെക്കുന്നത് സംഘപരിവാര്‍, കാസ കേന്ദ്രങ്ങളുടെ കുബുദ്ധിയാണ്. എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ആ ക്യാമ്പസില്‍ പഠിക്കുന്ന എസ്.എഫ്.ഐ നേതൃത്വം ആരും തന്നെ ആ സമരത്തിന്റെ ഭാഗമായിട്ടില്ല.

സംഘപരിവാര്‍ – കാസ നുണ ഫാക്ടറികളില്‍ നിന്ന് പടച്ചു വിടുന്ന നുണ സോഷ്യല്‍ മീഡിയയിലെ ഇടത് പ്രൊഫൈലുകള്‍ ഉള്‍പ്പെടെ ഏറ്റെടുക്കുന്നത് ഖേദകരമാണ്. സത്യം തിരിച്ചറിഞ്ഞ്, അത് പ്രചരിപ്പിക്കാന്‍ എസ്.എഫ്.ഐയെ സ്‌നേഹിക്കുന്നവര്‍ തയ്യാറാകണമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top