തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസം തുടരുന്നതിനാൽ കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. പുലർച്ചെ രണ്ടര മുതൽ നാളെ രാത്രി പതിനൊന്നര വരെ അതിശക്തമായ കടലാക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലയിൽ അതീവ ജാഗ്രത പുലർത്തണം എന്നാണ് നിർദേശം. ബീച്ചിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദവും പൂർണമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത തുടരുകയാണ്. ഇടുക്കി വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


