തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ തീരുമാനിക്കാന്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തില്‍ യുപിഎസ് സി നല്‍കിയ ചുരുക്കപ്പട്ടികയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് ഹിസ്റ്ററി മുഖ്യമന്ത്രി വിശദീകരിച്ചു.

ഷോര്‍ട്ട് ലിസ്റ്റിലുള്ള മൂന്ന് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരെക്കുറിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചത്. ലിസ്റ്റിലുള്ളവരില്‍ തമ്മില്‍ ഭേദം റവാഡ ചന്ദ്രശേഖര്‍ ആണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ റവാഡ ചന്ദ്രശേഖറെ പൊലീസ് മേധാവിയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുക്കുകയായിരുന്നു. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ച ഒഴിവിലാണ് പുതിയ പൊലീസ് മേധാവിയെ നിയമിച്ചത്. പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കുകയും ചെയ്തു.
കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍ അവിടെ നിന്നും വിടുതല്‍ വാങ്ങി, കേരളത്തില്‍ രണ്ടു ദിവസത്തിനകം ചുമതലയേറ്റെടുക്കുമെന്നാണ് സൂചന. പുതിയ പൊലീസ് മേധാവി ചുമതലയേറ്റെടുക്കുന്നതുവരെ, ഡിജിപിയുടെ താല്‍ക്കാലിക ചുമതല ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന് നല്‍കിയിട്ടുണ്ട്.

