അഹമ്മദാബാദ്: റിപ്പബ്ലിക് ദിനത്തിൽ സ്ത്രീകളുടെ ഉന്നമനത്തെ കുറിച്ചും സ്ത്രീസുരക്ഷയെ കുറിച്ചും പ്രസംഗിച്ച് കയ്യടി നേടിയ വിദ്യാർത്ഥിനിയെ ക്രൂരപീഡനത്തിന് ഇരയാക്കി അധ്യാപകൻ.

പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിനി തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവത്തെ മറികടന്ന് ഈ മാസം നടക്കാനിരിക്കുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. പൊലീസാകണമെന്നതാണ് തന്റെ ആഗ്രഹമെന്നും അതിനായി പ്രയത്നിക്കാനാണ് തീരുമാനമെന്നും കുട്ടി പറയുന്നു.
റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ബേഠി ബച്ചാഓ ബേഠി പഠാഓ എന്ന പ്രസംഗത്തിന് സ്കൂളിൽ വലിയ കയ്യടിയായിരുന്നു വിദ്യാർത്ഥിനി നേടിയത്. തന്റെ പ്രസംഗത്തിൽ പെൺകുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സ്ത്രീസുരക്ഷയെ കുറിച്ചുമായിരുന്നു കുട്ടി സംസാരിച്ചത്. ഇതിന് 11 ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി ഏഴിനായിരുന്നു സ്കൂളിലെ അധ്യാപകൻ തന്നെ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത്. തൻ്റെ പിറന്നാളാണെന്നും ആഘോഷങ്ങൾക്കായി ഹോട്ടലിലേക്ക് വരണമെന്നും പറഞ്ഞായിരുന്നു അധ്യാപകൻ കുട്ടിയെ വിളിച്ചുവരുത്തിയത്. പിന്നാലെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന ഭീഷണിയും പ്രതി മുഴക്കിയിരുന്നു.

