അലിഗഡ്: പീഡനക്കേസിൽ അറസ്റ്റിലായ 23കാരൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ അതിജീവിതയ്ക്കെതിരെ കേസ്. അലിഗഡിൽ ഞായറാഴ്ചയാണ് സംഭവം. അടുത്തിടെ ജാമ്യത്തിലിറങ്ങിയ 23കാനാണ് ശനിയാഴ്ച പുലർച്ചെ വെടിയേറ്റത്. വെടിയേറ്റ് പരിക്കേറ്റ യുവാവിനെ അതിജീവിതയാണ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വച്ചാണ് യുവാവ് മരിക്കുന്നത്. കഴിഞ്ഞ വർഷമാണ് 21കാരിയെ യുവാവ് പീഡിപ്പിച്ചതായി ആരോപണം വന്നത്. കേസിൽ യുവാവ് അറസ്റ്റിലാവുകയും അടുത്തിടെ ജാമ്യം നേടി പുറത്തിറങ്ങുകയുമായിരുന്നു.
ഇരുവരുടേയും പൊതു സുഹൃത്തായ ഒരാളുടെ കൂടെ സഹായത്തോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. അതിജീവിത ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് പൊലീസ് കൊലപാതകത്തിന് കേസ് എടുത്തിട്ടുള്ളത്. രണ്ട് പേരെ ചോദ്യം ചെയ്യുന്നതായും പൊലീസ് വിശദമാക്കി. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചവരെ സിസിടിവി സഹായത്തോടെയാണ് കണ്ടെത്തിയതെന്നാണ് സൂചന. സുഹൃത്ത് ഫോൺ വിളിച്ചതിന് പിന്നാലെയാണ് യുവാവ് വെള്ളിയാഴ്ച രാത്രി വീടിന് പുറത്തേക്ക് പോയത്.
എന്നാൽ മണിക്കൂറുകൾക്ക് ശേഷം യുവാവിനെ പരിക്കേറ്റ നിലയിൽ അജ്ഞാതർ ആശുപത്രിയിലെത്തിച്ചതായി വീട്ടിലേക്ക് ഫോൺ സന്ദേശം എത്തുകയായിരുന്നു. അതേസമയം മകനെ കള്ളക്കേസിൽ പ്രതിയാക്കിയതെന്നാണ് യുവാവിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. ഇവരുടെ വീടിന് അടുത്ത് തന്നെ താമസിക്കുന്ന സ്ത്രീയാണ് കള്ളക്കേസ് നൽകിയതെന്നും ജാമ്യത്തിലറങ്ങിയതിന് പിന്നാലെ ഒരാൾ മകനെ പണത്തിനായി ഭീഷണിപ്പെടുത്തിയതായുമാണ് യുവാവിന്റെ രക്ഷിതാക്കൾ ആരോപിക്കുന്നത്.