കൊച്ചി: എംഡിഎംഎ കേസിൽ മകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെ അഭിനന്ദിച്ച വിഎസ്ഡിപി നേതാവും എൻഡിഎ വൈസ് ചെയർമാനുമായ വിഷ്ണുപുരം ചന്ദ്രശേഖരനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ലഹരി വിരുദ്ധ പോരാട്ടത്തിൽ വിഷ്ണുപുരം ചന്ദ്രശേഖരനെ അഭിനന്ദിക്കുന്നുവെന്നും സ്വീകരിച്ചത് മാതൃകാപരമായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മാതാപിതാക്കളും കുട്ടികളെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനുള്ള പരിശ്രമങ്ങളുമായി മുന്നോട്ടുപോകണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
എംഡിഎംഎ കേസിൽ മകൻ ശിവജിയെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാതൃകാപരമായ തീരുമാനവുമായി വിഎസ്ഡിപി നേതാവും എൻഡിഎ വൈസ് ചെയർമാനുമായ വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗത്തെത്തിയത്. ലഹരിക്കേസിൽ മകനെ അറസ്റ്റ് ചെയ്ത പൊലീസിന് ചന്ദ്രശേഖരൻ നന്ദി പറഞ്ഞു. അല്ലായിരുന്നെങ്കിൽ മകൻ വലിയ വിപത്തിലേക്ക് പോകാമായിരുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

