മൂന്നു മാസങ്ങൾക്കു മുൻപ് ഉത്തർപ്രദേശിലെ ബ്രിജേന്ദ്ര നഗറിലെ ബാർബർ ഷോപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തിയപ്പോൾ മിഥുൻ എന്ന ബാർബർ ശരിക്കും ഞെട്ടി. ഇപ്പോഴിതാ മിഥുനെ ഒരിക്കൽ കൂടി ഞെട്ടിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. തന്റെ താടി ട്രിം ചെയ്ത മിഥുന് രാഹുൽ സ്നേഹ സമ്മാനങ്ങളാണ് അയച്ചിരിക്കുന്നത്.
”വ്യാഴാഴ്ച ബാർബർ ഷോപ്പിനു മുന്നിൽ ഒരു വാഹനം വന്നു നിന്നപ്പോൾ ആദ്യം എനിക്കൊന്നും മനസിലായില്ല. രണ്ടുപേർ ചേർന്ന് ഒരു ഷാംപൂ ചെയർ, മുടിവെട്ടാനുള്ള രണ്ട് കസേരകൾ, ഇൻവെർട്ടർ ബാറ്ററി എന്നിവയിറക്കി കടയിലെത്തിച്ചു. രാഹുൽ ഗാന്ധി അയച്ച സമ്മാനങ്ങളാണ് അവയെന്ന് പാർട്ടി പ്രവർത്തകർ പറഞ്ഞതോടെ ഞാൻ ഞെട്ടിപ്പോയി,” മിഥുൻ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രാരണത്തിനിടെ മേയ് 31ന് ലാൽഗെഞ്ചിൽ ഒരു പൊതുയോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് രാഹുൽ മിഥുന്റെ ബാർബർ ഷോപ്പിൽ എത്തിയത്. ഷോപ്പിൽ എത്തിയ രാഹുൽ തന്റെ താടി ട്രിം ചെയ്യണമെന്നാണ് മിഥുനോട് ആവശ്യപ്പെട്ടത്. ഏറെ നേരം മിഥുനുമായി സംസാരിച്ചശേഷമാണ് രാഹുൽ മടങ്ങിയത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
രാഹുൽ ഗാന്ധി എല്ലായ്‌പ്പോഴും വിവിധ ജനവിഭാഗങ്ങളെ കാണുകയും അവരുടെ ആവശ്യങ്ങൾ മനസിലാക്കി അവർക്ക് വേണ്ട പിന്തുണയും സഹായവും ചെയ്യുന്ന വ്യക്തിയാണെന്ന് കോൺഗ്രസ് വക്താവ് അൻഷു അവസ്തി പറഞ്ഞു. മിഥുന്റെ ജോലിക്ക് ആവശ്യമായ സാധനങ്ങളാണ് രാഹുൽ എത്തിച്ചു കൊടുത്തത്. രാഹുലിന്റെ പ്രവൃത്തി കോൺഗ്രസ് പ്രവർത്തകർക്ക് പ്രചോദനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.