പൂനെ: അമിത വേഗത്തില്‍ ആഡംബരക്കാര്‍ ഓടിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പതിനേഴുകാരനായ പ്രതിക്ക് വിചിത്ര വ്യവസ്ഥയില്‍ ജാമ്യം. കസ്റ്റഡിയിലെടുത്ത് 15 മണിക്കൂറില്‍ കോടതി ജാമ്യം അനുവദിച്ചു. ഒപ്പം 15 ദിവസം ട്രാഫിക് പൊലീസിനെ സഹായിക്കാനും വാഹനാപകടങ്ങളെക്കുറിച്ച് 300 വാക്കുകളില്‍ ഉപന്യാസമെഴുതാനുമാണ് ജാമ്യ വ്യവസ്ഥയില്‍ പറയുന്ന നിര്‍ദേശം. മദ്യാസക്തി കുറയ്ക്കാനുള്ള വൈദ്യസഹായം തേടാനും നിര്‍ദേശിച്ചിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് വിചിത്രമായ ശിക്ഷ നല്‍കിയത്.
ശനിയാഴ്ച രാത്രിയാണ് ബൈക്ക് യാത്രക്കാരായ 2 പേരെ 200 കിലോമീറ്റര്‍ സ്പീഡില്‍ എത്തിയ ആഡംബരക്കാര്‍ ഇടിച്ചിട്ടത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പുലര്‍ച്ചെ 2.15നു കൂട്ടുകാരോടൊപ്പമുള്ള പാര്‍ട്ടി കഴിഞ്ഞതിന് ശേഷം മടങ്ങുകയായിരുന്ന മധ്യപ്രദേശ് സ്വദേശികളായ അനീഷ് അവാധ്യയും അശ്വിനി കോഷ്ടയുമാണു മരിച്ചത്. ഇരുവരും പൂനെയിലെ എഞ്ചിനീയര്‍മാരാണ്. പ്ലസ് ടു പാസ്സായതിന്റെ ആഘോഷങ്ങള്‍ക്ക് ശേഷം ബാറില്‍നിന്നും കൂട്ടുകാരുമായി മടങ്ങുകയായിരുന്നു പതിനേഴുകാരന്‍. ഈ സമയത്താണ് അമിത വേഗത്തില്‍ വന്ന കാര്‍ രണ്ട് പേരുടെ ജീവന്‍ എടുത്തത്.
പ്രായപൂര്‍ത്തിയാവാത്ത വ്യക്തിക്കു മദ്യം നല്‍കിയതിനു ബാര്‍ ഉടമയ്‌ക്കെതിരെയും, നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനം നല്‍കിയതിനു പിതാവിനെതിരെയും പൊലീസ് കേസെടുത്തു. അപകടത്തിന്റെ തീവ്രത കണക്കിലെടുത്ത് പ്രതിക്ക് പ്രായത്തിന്റെ ഇളവുകള്‍ അനുവദിക്കരുതെന്നു പൂനെ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും ഇതു കണക്കിലെടുക്കാതെയാണു കോടതി പ്രതിക്കു നിസ്സാര വ്യവസ്ഥയില്‍ ജാമ്യം നല്‍കിയത്.