കൊച്ചി: ചിക്കൻപോക്സ് ബാധിച്ചതിനാൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി ജയിൽമോചിതനാകുന്നത് വൈകിയേക്കും. അസുഖബാധിതനായതിനാൽ പൾസർ സുനി ഇപ്പോൾ ചികിത്സയിലാണ്. അസുഖം ഭേദപ്പെട്ടശേഷം മാത്രമാകും പുറത്തിറങ്ങുകയെന്നാണ് ജയിൽ അധികൃതർ സൂചിപ്പിക്കുന്നത്. നിലവില്‍ എറണാകുളം സബ് ജയിലിലാണ് സുനി തടവിലുള്ളത്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ഏഴര വർഷത്തിന് ശേഷമാണ് ജയിലിൽ നിന്നും പുറത്തിറങ്ങുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതിയിൽ സുനിയെ ഹാജരാക്കാനാണ് സുപ്രീംകോടതി ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്. ജാമ്യവ്യവസ്ഥകൾ എന്താണെന്ന് വിചാരണക്കോടതി നിശ്ചയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.