Kerala

സിദ്ധാർത്ഥൻ്റെ മരണത്തിന് കാരണക്കാരായവരെ തിരിച്ചെടുത്തത് ഗവർണർ തടഞ്ഞു; സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനം റദ്ദാക്കി

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തില്‍ സസ്പെന്‍ഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും തിരിച്ചെടുത്ത തീരുമാനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തടഞ്ഞു.സര്‍വകലാശാല മാനേജ്മെന്റ് കൗണ്‍സിലാണ് ഡീന്‍ എംകെ നാരായണനേയും ഹോസ്റ്റൽ അസിസ്റ്റന്റ് വാര്‍ഡന്‍ ആര്‍ കാന്തനാഥനേയും തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നത്. ഇവരെ തിരികെ സർവീസിൽ പ്രവേശിപ്പിക്കാനുള്ള ഭരണസമിതിയുടെ ഭൂരിപക്ഷ തീരുമാനം നടപ്പാക്കാൻ വിസി ഡോ. കെ.എസ്.അനിൽ വിസമതിച്ചിരുന്നു. കാര്യങ്ങൾ വിശദീകരിച്ച് രാജ്ഭവൻ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. തുടർന്നാണ് കൗൺസിൽ തീരുമാനം തടഞ്ഞുകൊണ്ടുള്ള ഗവർണറുടെ ഉത്തരവ്.

യാതൊരു വിധ നടപടിയും സ്വീകരിക്കാതെ സസ്പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായി എന്ന ന്യായീകരണം പറഞ്ഞാണ് ഇരുവരേയും തിരിച്ചെടുത്തത്. പാലക്കാട് തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്മെന്റിലേക്ക് ഇരുവര്‍ക്കും നിയമനം നൽകുകയായിരുന്നു നല്‍കി. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സിബിഐയുടെ അന്വേഷണം പോലും സ്വാധീനിക്കപ്പെട്ടതായി അരോപണമുള്ളപ്പോഴാണ് ഇത്തരമൊരു വിചിത്ര നടപടി. തീരുമാനം റദ്ദാക്കണമെന്നും ഇവർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് സിദ്ധാർത്ഥന്റെ മാതാപിതാക്കളും, സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റിയും ഗവർണർക്ക് നിവേദനം നൽകിയിരുന്നു

സിദ്ധാർത്ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച ഹൈക്കോടതി റിട്ട. ജസ്റ്റിസ് എ ഹരിപ്രസാദിന്റെ റിപ്പോർട്ടിൽ ഡീനും അസിസ്റ്റന്റ് വാർഡനും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇരുവരും ക്യാംപസില്‍ ഉണ്ടായിരുന്നിട്ടും ഇടപെട്ടില്ലെന്നായിരുന്നു കണ്ടെത്തല്‍. റിപ്പോർട്ട്‌ പരിഗണിച്ച യൂണിവേഴ്സിറ്റി ഭരണസമിതി ഭൂരിപക്ഷ അഭിപ്രായത്തിന്റെ മറവിൽ യാതൊരു നടപടികളും കൂടാതെ ഇവരെ തിരിച്ചെടുക്കുകയായിരുന്നു.

ഇതിനെതിരെ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം സിദ്ധാർത്ഥൻ്റെ കുടുംബം രംഗത്തെത്തിയിരുന്നു. ആര്‍ക്കൊപ്പമാണ് സര്‍വകലാശാലയും സര്‍ക്കാരുമെന്ന് വ്യക്തമാക്കുന്നതാണ് നടപടിയെന്ന് കുടുംബം പ്രതികരിച്ചു. എല്ലാ വിശ്വാസവും നഷ്ടമാവുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. തെറ്റ് ചെയ്തവരെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും കുടുംബം അറിയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 18നാണ് കോളേജില്‍വെച്ച് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ സിദ്ധാര്‍ഥന്‍ മരിക്കുന്നത്.

കേരള ചരിത്രത്തിൽ സമാനകളില്ലാത്ത ആൾക്കൂട്ട വിചാരണ നടന്നത് ഭരണ പാർട്ടി അനുകൂല വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് എന്ന് തെളിഞ്ഞിരുന്നു. കോളേജുകളിലെ റാഗിങ്ങിനെതിരെ ഒരുകാലത്ത് കടുത്ത നിലപാടുകൾ സ്വീകരിച്ച ഇടത് വിദ്യാർത്ഥി സംഘടനാ നേതാക്കളാണ് പ്രതികൾ എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കേസിൽ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ കോളജിലെ ആന്റി റാഗിങ്ങ് സ്‌ക്വാഡിലെ പ്രതിനിധികള്‍ ആയിരുന്നു എന്നതും സമൂഹ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top