Kerala

ക്വാറി ഉടമയെ ജയിലിലടക്കുമെന്ന് ഭീഷണി, തട്ടിയത് 22 ലക്ഷം; സിഐക്കും എസ്‌ഐക്കും എതിരെ കേസ്

മലപ്പുറം: ക്വാറി ഉടമയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി എസ്ഐയും സിഐയും ചേര്‍ന്ന് പണം തട്ടി. മലപ്പുറം വളാഞ്ചേരി സിഐ സുനില്‍ദാസ് ,എസ്‌ഐ ബിന്ദുലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഇടനിലക്കാരന്‍ മുഖേന പതിനെട്ടു ലക്ഷം രൂപ തട്ടിയത്. സംഭവത്തില്‍ എസ്‌ഐ ബിന്ദുലാല്‍ ഇടനിലക്കാരന്‍ വളാഞ്ചേരി സ്വദേശി അസൈനാര്‍ എന്നിവര്‍ അറസ്റ്റിലായി.

മലപ്പുറം എസ്പിക്ക് ലഭിച്ച രഹസ്യവിവരമാണ് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ പിടിച്ചുപറി പുറം ലോകമറിയാന്‍ കാരണമായത്. രണ്ടു മാസം മുമ്പ് വളാഞ്ചേരിയിലെ ക്വാറിയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ പിടിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. ഈ കേസിലെ ക്വാറി ഉടമയായ വളാഞ്ചേരി സ്വദേശിയെ വിളിച്ചു വരുത്തിയാണ് സിഐ സുനില്‍ദാസും എസ്‌ഐ ബിന്ദുലാലും കേസില്‍ നിന്നും ഒഴിവാക്കാന്‍ പണം ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ ക്വാറി ഉടമയേയും പാര്‍ട്ണര്‍മാരേയും അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നായിരുന്നു ഭീഷണി.

ഇടനിലക്കരനായ അസൈനാര്‍ വഴി പണം നല്‍കാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് ക്വാറി ഉടമ 22 ലക്ഷം രൂപ ഇടനിലക്കാരന് കൈമാറി. എട്ടു ലക്ഷം രൂപ ഇന്‍സ്‌പെക്ടര്‍ സുനില്‍ദാസും പത്ത് ലക്ഷം രൂപ എസ്‌ഐ ബിന്ദുലാലും നാലു ലക്ഷം രൂപ ഇടനിലക്കാരന്‍ അസൈനാരും കൈപ്പറ്റി. ക്വാറി ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ എസ്പി തിരൂര്‍ ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു

ക്രിമിനല്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് മൂവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെ എസ്‌ഐ ബിന്ദുലാലിനെയും ഇടനിലക്കാരന്‍ അസൈനാരെയും അറസ്റ്റ് ചെയ്തു. സിഐ സുനില്‍ദാസ് ഒളിവിലാണെന്നാണ് വിവരം. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top