കോഴിക്കോട്: കൊടുവള്ളിയിൽ യുവാവ് അനൂസ് റോഷനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ.

വീട്ടിലെത്തിയ സംഘത്തിൽ ഉൾപ്പെട്ട ബെെക്കിലെത്തിയ രണ്ടുപേരെയാണ് കസ്റ്റഡിയിൽ എടുത്തത്. നേരത്തെ ബൈക്കിൻ്റെ ഉടമയെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെ(21) ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കെ എൽ 65 എൽ 8306 എന്ന നമ്പർ കാറിലാണ് അക്രമികൾ എത്തിയത്. ആദ്യം രണ്ടു പേർ ബൈക്കിലെത്തിയിരുന്നു. പിന്നാലെ കുറച്ചുപേർ കാറിലെത്തി. ഇവർ ആദ്യം അനൂസ് റോഷൻ്റെ പിതാവിനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച അനൂസിനെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

