കോഴിക്കോട്: വധശ്രമക്കേസിലെ പ്രതി മൂന്ന് വർഷത്തിന് ശേഷം പൊലീസിൻ്റെ പിടിയില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അഷ്ഫാഖ്(27) ആണ് നേപ്പാളില്‍ നിന്ന് അറസ്റ്റിലായത്. 2022ലാണ് കേസിനാസ്പദമായ കൊലപാതകശ്രമം. ബാലുശ്ശേരി സ്വദേശി ലുഖ്മാനുല്‍ ഹക്കീമിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

ലുഖ്മാൻ്റെ ഭാര്യപിതാവാണ് ക്വട്ടേഷൻ നല്‍കിയത്. കേസ് അന്വഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് മുങ്ങിയ അഷ്ഫാഖിനെ കഴിഞ്ഞ ദിവസമാണ് ചേവായൂർ പൊലീസ് നേപ്പാളില്‍ വച്ച് പിടികൂടിയത്. ബാലുശ്ശേരി സ്വദേശിയായ ലുക്മാനുല്‍ ഹക്കീമും ഭാര്യയും തമ്മിലുള്ള വിവാഹമോചനകേസ്സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നടന്നിരുന്നു. ഈ സമയത്ത് ലുക്മാനുല്‍ ഹക്കീമിന്റെ ഭാര്യാപിതാവായ മലപ്പുറം രണ്ടത്താണി സ്വദേശി കുഞ്ഞിമുഹമ്മദ് കുട്ടി ഹക്കീമിനെ കൊല്ലാനായി ബേപ്പൂർ സ്വദേശിയായ ജാഷിംഷാ എന്നയാള്‍ക്ക് കൊട്ടേഷൻ കൊടുക്കുകയായിരുന്നു.
ജാഷിംഷാ നാല് പേരെ ഇതിനായി നിയോഗിച്ചു. അവർ ലുക്മാനുല്‍ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി എടവണ്ണ കൊണ്ടോട്ടി റോഡിലെ തടി മില്ലില്‍ എത്തിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാൻ ശ്രമിയ്ക്കുന്നതിനിടെ ശബ്ദം കേട്ട് നാട്ടുകാർ വന്നപ്പോഴേയ്ക്കും കാറില്‍ രക്ഷപ്പെടുകയായിരുന്നു.

