കോഴിക്കോട്: താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയില്‍ കെപിസിസി അംഗത്തിനെതിരെ കേസെടുത്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും താമരശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എ അരവിന്ദനെതിരെയാണ് കേസെടുത്തത്.

താമരശേരി പൊലീസ് ആണ് കേസെടുത്തത്. താമരശേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ സ്ഥാപനം നടത്തുന്ന യുവതിയാണ് പരാതി നല്‍കിയത്.

അരവിന്ദന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നതാണ് കേസ്. അരവിന്ദന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിലാണ് യുവതിക്ക് സ്ഥാപനം നടത്താനായി പഞ്ചായത്ത് കെട്ടിടത്തില്‍ അനുമതി നല്‍കിയത്.

സ്ഥാപനത്തിന്റെ പ്രവര്‍ത്തന കാലാവധി അടുത്ത മാസം അവസാനിക്കും. കാലാവധിയുമായി ബന്ധപ്പെട്ട് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞാണ് അരവിന്ദന്‍ യുവതിയെ ഫോണില്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് തന്റെ വീട്ടിലേക്ക് വരാന്‍ അരവിന്ദന്‍ പറയുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു