ഇരുചക്രവാഹനത്തിൽ അഞ്ചുപേരുമായി യാത്ര ചെയ്ത് നിയമലംഘനം നടത്തിയ വിദ്യാർഥികൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച അഞ്ച് വിദ്യാർഥികളെയാണ് എംവിഡി പിടികൂടിയത്. പിഴ ഈടാക്കിയതിന് പുറമെ വാഹനം ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചു. രക്ഷിതാക്കൾക്കൊപ്പം ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

അഞ്ചുപേർ ഒരേ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തതിന് 1,000 രൂപയാണ് പിഴ ചുമത്തിയത്. ഹെൽമെറ്റ് ധരിക്കാത്ത മൂന്ന് വിദ്യാർഥികൾക്ക് 500 രൂപ വീതവും പിഴയിട്ടു. ആകെ 2,500 രൂപയാണ് പിഴയായി ഈടാക്കിയത്.അമിതശബ്ദമുണ്ടാക്കുന്ന വിധത്തിൽ കാറിന്റെ സൈലൻസറിൽ മാറ്റം വരുത്തി നിരത്തിലിറങ്ങിയ സ്വകാര്യ കോളേജ് വിദ്യാർഥിക്കെതിരെയും നടപടി സ്വീകരിച്ചു. ഇൻഫോപാർക്ക് എക്സ്പ്രസ് വേയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നിയമവിരുദ്ധമായി സൈലൻസർ രൂപമാറ്റം വരുത്തിയ കാർ പിടിയിലായത്. അനധികൃത രൂപമാറ്റത്തിന് 12,000 രൂപ പിഴ ചുമത്തി.

സമാനമായ നിയമലംഘനവുമായി കോതാട് സ്വദേശിയായ മറ്റൊരു വിദ്യാർഥിയും എംവിഡിയുടെ പിടിയിലായി. സൈലൻസറിൽ മാറ്റം വരുത്തി അമിതശബ്ദത്തോടെ വാഹനം ഓടിക്കുന്നതിനെക്കുറിച്ച് വാഹനത്തിന്റെ നമ്പർ സഹിതം നാട്ടുകാർ പരാതി നൽകിയതിനെത്തുടർന്നാണ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നോട്ടീസും കൈമാറി.

പുതിയ കേസുകളിൽ പിഴ ചുമത്തിയിട്ടില്ലെങ്കിലും വിദ്യാർഥിക്കെതിരെ നേരത്തെ നാല് ഇ-ചലാൻ കേസുകളുണ്ട്. ഈ കേസുകളിലെ കുടിശ്ശിക തുക ഉടൻ അടച്ചുതീർക്കാനും എംവിഡി നിർദേശം നൽകി. റോഡിലെ അഭ്യാസപ്രകടനങ്ങളും വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുന്നതും അനുവദിക്കില്ലെന്ന മുന്നറിയിപ്പോടെയാണ് വകുപ്പ് നടപടി ശക്തമാക്കുന്നത്.