ഇടുക്കി ശാന്തൻപാറ പഞ്ചായത്തിലെ ചേരിയാറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്. ചേരിയാർ സ്വദേശി റാണി (57) യുടെ മൃതദേഹമാണ് വീടിന് സമീപത്തെ നടപ്പാതയിൽ വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരെ കാണാതായതായി പൊലീസ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം പള്ളിയിൽ പോയി മടങ്ങിയെത്തിയ റാണിയെ പിന്നീട് നാട്ടുകാരാരും കണ്ടിരുന്നില്ല. ഇതോടെ ചേരിയാറിൽ താമസിക്കുന്ന സുഹൃത്തായ വീട്ടമ്മ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇന്നലെ ഉച്ചയോടെ റാണിയുടെ വീട്ടിലെത്തിയപ്പോഴും ആളെ കണ്ടെത്താനായില്ല. വീടിന്റെ വാതിലുകൾ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സമീപത്തെ നടപ്പാതയിൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

റാണിയുടെ ശരീരത്തിൽ ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. വലതുകൈയുടെ ഭാഗത്തെ മാംസം പൂർണമായും നീക്കംചെയ്ത നിലയിലായിരുന്നു. തലയിലും മാരകമായ പരുക്കുകളുണ്ട്. മൃതദേഹത്തിന്റെ അവസ്ഥ കണക്കിലെടുത്ത് വന്യമൃഗത്തിന്റെ ആക്രമണമാകാമെന്നായിരുന്നു നാട്ടുകാരുടെ ആദ്യ സംശയം. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പ്രദേശത്ത് പുലിയുടെയോ കടുവയുടെയോ സാന്നിധ്യമുള്ളതായി സൂചനകളില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മൂന്നാർ–കുമളി സംസ്ഥാനപാതയിൽ ചേരിയാർ ടൗണിൽനിന്ന് ഏകദേശം 200 മീറ്റർ അകലെയാണ് റാണിയുടെ വീട്. നടപ്പാതയിലൂടെ മാത്രമേ ഇവിടേക്ക് എത്താനാകൂ. പ്രദേശത്തെ അവസാനത്തെ വീടാണിത്. വീടിന് അപ്പുറത്തായി കാടുമൂടിയ പ്രദേശങ്ങളുമുണ്ട്.
റാണിയുടെ വീടിന് സമീപം താമസിച്ചിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കാണാതായതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്. വീടിനുള്ളിൽ പിടിവലി നടന്നതിന്റെ വ്യക്തമായ ലക്ഷണങ്ങളില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയിലെ വിവരം. സ്വർണാഭരണങ്ങൾ ധരിക്കാത്തയാളായതിനാൽ ആഭരണങ്ങൾ കവരാനുള്ള ശ്രമത്തിനിടെയുണ്ടായ കൊലപാതകമാകാനുള്ള സാധ്യതയും പൊലീസ് സംശയിക്കുന്നില്ല. വീട്ടിൽ മോഷണം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല.
അതേസമയം, റാണിയുടെ മുൻകാല ജീവിതവും അന്വേഷണത്തിൽ ശ്രദ്ധേയമാണ്. 25 വർഷം മുമ്പ് തമിഴ്നാട്ടിലെ തേനിയിൽവച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന റാണി ശിക്ഷ അനുഭവിച്ചശേഷമാണ് കേരളത്തിൽ തിരിച്ചെത്തിയത്. തുടർന്ന് ചേരിയാറിൽ സ്ഥലം വാങ്ങി താമസിച്ചുവരികയായിരുന്നു.
മരണകാരണം സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാഫലങ്ങളും ലഭിച്ചശേഷമേ വ്യക്തതയുണ്ടാകൂവെന്ന് പൊലീസ് അറിയിച്ചു. കാണാതായ അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്.