Kerala

ടെലഗ്രാമിലും വാട്സാപ്പിലും വരുന്ന ലിങ്ക് ഓപ്പണാക്കല്ലേ, പണി കിട്ടും

സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിച്ച് തട്ടിപ്പ് നടത്തുന്ന സംഘം വലവിരിക്കുന്നത് വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലുമാണന്നും ജാഗ്രത വേണമെന്ന് കേരള പൊലീസ്. സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. വിവിധ സാമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.

പരസ്യം കണ്ട് താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം/ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം. തുടർന്ന് ഒരു വ്യാജ വെബ്‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്.

തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി പിന്നീട് സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നതെന്നും അതിനാൽ ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും പൊലീസ് അറിയിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top