Kerala

വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം ; അധ്യാപികക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം കിളിമാനൂരില്‍ അധ്യാപകരുടെ കുടിപ്പകയില്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്‌സോ കേസ്.

കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ് കേസെടുത്തത്. കുട്ടിയുടെ മാതാവില്‍ നിന്ന് മൊഴിയെടുത്തു.

സ്‌കൂളിലെ ഒരു അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണത്തിനാണ് കേസ്. വ്യാജ പരാതി നല്‍കുകയും വാട്‌സാപ്പിലൂടെ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തു.

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗുരുതര അപസ്മാരം പിടിപെട്ട് സ്‌കൂളില്‍ നിന്നും നാല് മാസം മാറി നിന്നപ്പോഴായിരുന്നു അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരിന്റെ പേരില്‍ കുട്ടിയെ ഇരയാക്കിയത്. നാണക്കേടിലായ വിദ്യാര്‍ഥി പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു.

പിന്നാലെയാണ് സ്‌കൂള്‍ മാനേജ്മെന്റ് പ്രിന്‍സിപ്പലിനോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചത്. പ്രിന്‍സിപ്പലിന്റെ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളാണുള്ളത്. അധ്യാപികയായ സി.ആര്‍ ചന്ദ്രലേഖ കുട്ടിയെ മറ്റൊരു അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് ആദ്യം വാക്കാല്‍ വ്യാജ പ്രചാരണം നടത്തി. മറ്റ് അധ്യാപകരോട് വിദ്യാര്‍ഥി പീഡനത്തിനിരയായി എന്ന് പറഞ്ഞു പ്രചരിപ്പിച്ചു.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും വ്യാജ പരാതി പൊലീസില്‍ ഉള്‍പ്പടെ നല്‍കി. അപവാദ പ്രചാരണങ്ങള്‍ കാരണം കുട്ടി പഠനം ഉപേക്ഷിച്ചു. പെണ്‍കുട്ടിയുടെ പേര് പറഞ്ഞുള്ള വ്യാജ വര്‍ത്തയുള്ള യൂട്യൂബ് ലിങ്ക് അധ്യാപകരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പങ്കു വച്ചെന്നും കണ്ടെത്തലുണ്ട്. പിന്നാലെയാണ് അധ്യാപികയെ സസ്പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജ്മെന്റ് ഉത്തരവിറക്കിയത്. സംഭവത്തില്‍ CWC ഉള്‍പ്പടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top