തിരുവനന്തപുരം: പി ബി നൂഹിനെ സപ്ലൈകോയിൽ തിരികെ നിയമിച്ചുകൊണ്ട് പുതിയ ഉത്തരവ്. സപ്ലൈകോ ചെയർമാൻ ചുമതല ഇനി പി ബി നൂഹ് വഹിക്കും. നേരത്തെ സിഎംഡി ആയി നിയമിച്ച അശ്വതി ശ്രീനിവാസ് സപ്ലൈകോയുടെ മാനേജിങ് ഡയറക്ടർ ആകും.

2024ൽ സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി പി ബി നൂഹിനെ നിയമിച്ചിരുന്നു. പിന്നീട് ഈ ചുമതലയിൽ നിന്നും നൂഹിനെ മാറ്റി. പി ബി നൂഹിനെ മാറ്റിയതിൽ ഭക്ഷ്യവകുപ്പ് മന്ത്രി അന്ന് ജി ആർ അനിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പി ബി നൂഹിനെ കൂടാതെ മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരേയും മാറ്റിയിട്ടുണ്ട്.
കെ ഗോപാലകൃഷ്ണൻ ഐഎഎസിന് പുതിയ പോസ്റ്റ് നൽകി. വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ എംഡിയായി ഗോപാലകൃഷ്ണൻ ചുമതലയേൽക്കും. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ അധിക ചുമതല കൂടി അദ്ദേഹം വഹിക്കണം. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള ജോസഫ് ഐഎഎസ് വനിതാ-ശിശു വികസന വകുപ്പിന്റെ അധിക ചുമതല വഹിക്കും. ഫോർട്ട് കൊച്ചി സബ് കളക്ടർ മീര കെ എറണാകുളം ജില്ലാ വികസന കമ്മീഷണർ തസ്തികയുടെ അധിക ചുമതലയും വഹിക്കും.

