മലപ്പുറം: മാധ്യമങ്ങളോട് പറയാതെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നെന്ന് പി വി അൻവർ എംഎൽഎ.
മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നെങ്കിൽ അദ്ദേഹമത് പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് കൈമാറുമായിരുന്നു. അങ്ങനെയെങ്കിൽ ഒരു ചുക്കും നടക്കില്ലായിരുന്നെന്നും അൻവർ പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടി സഖാക്കൾക്ക് അനുഭവമുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയ പരാതിയിൽ പി ശശിയുടെ പേരില്ലെന്നും അൻവർ വ്യക്തമാക്കി. ശശിയുടെ പേര് ഉൾപ്പെടുത്തിക്കൊണ്ട് മറ്റൊരു പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ നൽകിയ പരാതിയിൽ പി ശശിയുടെ പേരില്ലെന്ന് എംവി ഗോവിന്ദൻ മാഷ് പറഞ്ഞത് ശരിയാണ്. സിപിഎം പാർലമെൻ്റിറി യോഗം ഇനി അടുത്ത നിയമസഭ യോഗത്തിനു മുൻപ് മാത്രമേ നടക്കൂ. അതുവരെ കാത്തിരിക്കാനാവില്ല എന്നത് കൊണ്ടാണ് താൻ പരസ്യമായി ഇക്കാര്യങ്ങൾ പറഞ്ഞതും ഇരുവർക്കും പരാതി നൽകിയതും.- അൻവർ പറഞ്ഞു.