തിരുവനന്തപുരം: പൊലീസ് ക്രൂരതയ്‌ക്കെതിരെ പരാതി നൽകാനെത്തിയ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അവഗണിച്ചുവെന്ന ദളിത് യുവതിയുടെ ആരോപണത്തിൽ മറുപടിയുമായി പി ശശി. ബിന്ദു തന്നെ കാണാനെത്തിയിരുന്നു എന്നും പരാതി വിശദമായി താൻ കേട്ടു എന്നും പി ശശി പറഞ്ഞു. പരാതി താൻ അവഗണിച്ചിട്ടില്ല. സൗത്ത് സോൺ ഐ ജി യുടെ നേതൃത്വത്തിൽ അന്വേഷിക്കുന്നുവെന്നും പി ശശി കൂട്ടിച്ചേർത്തു.

പൊലീസിനെതിരെ താൻ നൽകിയ പരാതി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി വായിച്ചുപോലും നോക്കിയില്ലെന്നും നിസ്സംഗതയോടെയാണ് അദ്ദേഹം പെരുമാറിയത് എന്നുമായിരുന്നു ബിന്ദു റിപ്പോർട്ടറിനോട് പറഞ്ഞത്. തന്നെ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിച്ച പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് ബിന്ദു ചെന്നത്. പരാതി വാങ്ങിയ പി ശശി അത് വായിച്ചുപോലും നോക്കിയില്ല.

മാത്രമല്ല, പരാതി ഉണ്ടെങ്കിൽ പൊലീസ് പിടിച്ചോളുമെന്നും പി ശശി യുവതിയോട് പറഞ്ഞു. തുടർന്ന് കോടതിയിൽ പോകാൻ പറഞ്ഞു. അഭിഭാഷകനൊപ്പമാണ് താൻ പോയത് എന്നും കാര്യങ്ങൾ വിശദമായി കേൾക്കാൻ പോലും അവിടെനിന്ന് തയാറായില്ല എന്നും ബിന്ദു പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നു എന്നാൽ നീതി ലഭിച്ചില്ല എന്നും ബിന്ദു കൂട്ടിച്ചേർത്തിരുന്നു.

