Kerala

മരണാനന്തര അവയവ ദാനത്തില്‍ ഇടിവ്; തഴച്ചുവളർന്ന് മാഫിയാ സംഘങ്ങൾ

കൊച്ചി: മരണാനന്തര അവയവ ദാനത്തിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് അവയവങ്ങൾക്ക് വിലയിടുന്ന മാഫിയ സംഘങ്ങളെ വളർത്തിയത്. വിദേശ രാജ്യങ്ങളിൽ മസ്തിഷ്ക മരണം സ്ഥിരീകരിച്ചവരിൽ അവയവദാനം 90 ശതമാനത്തിൽ അധികമെങ്കിൽ രാജ്യത്തും സംസ്ഥാനത്തും ഇത് പേരിന് മാത്രമാണ്. സംസ്ഥാനത്ത് അവയവം സ്വീകരിക്കാനായി കാത്തിരിക്കുന്ന ആയിരത്തോളം ജീവിതങ്ങളെയാണ് മാഫിയ സംഘങ്ങൾ ലക്ഷങ്ങൾ വിലപേശി കെണിയിൽ പെടുത്തുന്നത്.

ഗുരുതര രോഗാവസ്ഥയിൽ നിന്ന് കരകയറാൻ അവയവമാറ്റം വഴിതുറക്കുമ്പോൾ ദാതാവിനെ കിട്ടാത്തതാണ് പ്രതിസന്ധി. ഉറ്റവരുടെ അവയവം ചേരില്ലെങ്കിൽ മാഫിയ സംഘം അവരെ നോട്ടമിടും. ഭീമമായ തുകയ്ക്ക് അവയവം എത്തിച്ച് പരിശോധന കമ്മിറ്റികളെ മറികടന്ന് ലാഭം കൊയ്യുന്ന മാഫിയ സംഘങ്ങൾ. സമൂഹത്തിന് മരണാനന്തര അവയവ ദാനത്തിലുള്ള വിമുഖതയാണ് ഇവരെ സഹായിക്കുന്നത്.

സംസ്ഥാനത്ത് അവയവ ദാതാക്കളുടെയും സ്വീകർത്താക്കളുടെയും കൂട്ടായ്മയാണ് ലിവർ ഫൗണ്ടേഷൻ കേരള. ജീവിതകാലം മുഴുവൻ വിലപിടിപ്പുള്ള മരുന്നും തുടർചികിത്സയും വേണ്ടവർക്ക് പരസ്പരമുള്ള കൈത്താങ്ങാണ് സംഘടനയുടെ ലക്ഷ്യം. ഇത്തരം രോഗികൾക്ക് ഇൻഷുറൻസ് കിട്ടാനുൾപ്പടെ വലിയ സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഇതിന് പുറമെ അവയവ മാഫിയ സംഘങ്ങൾ വരുത്തുന്ന വിവാദങ്ങൾ ശസ്ത്രക്രിയകളെ ബാധിക്കുമോ എന്നാണ് ആശങ്ക.

മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിൽ കുറ്റമറ്റ രീതിയിൽ നടപടി ക്രമങ്ങൾ പാലിക്കണം. മരണാന്തര അവയവ ദാനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമങ്ങൾ വേണം. രോഗികളെ വിവാദങ്ങൾ ബാധിക്കാതെ ഇരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടൽ കാര്യക്ഷമമാകണമെന്നാണ് ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top