Crime

ഐവി ഫ്ളൂയിഡിന് പകരം നഴ്സ് കുത്തിവെച്ചത് പൈപ്പ് വെള്ളം; അണുബാധയേറ്റ് മരിച്ചത് 10 രോഗികൾ

വാഷിങ്ടൺ: അമേരിക്കയിലെ മെഡ്‌ഫോർഡിലെ അസാന്‍റെ റോഗ് റീജിയണൽ മെഡിക്കൽ സെന്‍ററിൽ പത്തോളം രോഗികൾ അണുബാധയേറ്റ് മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രോഗികൾക്ക് അണുബാധയേൽക്കാൻ കാരണം ഐവി ഫ്ളൂയിഡിന് പകരം വാട്ടർ ടാപ്പിലെ വെള്ളം കുത്തിവെച്ചതാണെന്നാണ് കണ്ടെത്തൽ. സംഭവത്തിന് പിന്നിൽ ആശുപത്രിയിലെ മുൻ ജീവനക്കാരനായ നഴ്സ് ആണെന്ന് പൊലീസ് കണ്ടെത്തി. അടുത്തിടെ ആശുപത്രിയിൽ നിന്നും ഒരു നഴ്സ് ഐവി  ബാഗുകൾ മോഷ്ടിച്ചിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 10 ഓളം രോഗികളുടെ മരണത്തിന് പിന്നെലെ കാരണം പുറത്തായത്.

മോഷണ വിവരം പുറത്തറിയാതിരിക്കാൻ നഴ്സ് രോഗികൾക്ക് അണുവിമുക്തമാക്കാത്ത വാട്ടർ ടാപ്പിലെ വെള്ളം മരുന്നിന് പകരം കുത്തിവെച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. 2022 മുതൽ നഴ്സ് ഐവി ബാഗുകൾ മോഷ്ടിച്ചിട്ടുണ്ടെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. രോഗികളുടെ മരണവുമായി ബന്ധപ്പെട്ട് മരിച്ച വ്യക്തികളുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സ് ഐവി ഫ്ളൂയിഡ് ബാഗുകൾ മോഷ്ടിച്ച് മറിച്ചുവിറ്റ വിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഐവി ബാഗിൽ മരുന്നിന് പകരം പച്ചവെള്ളമാണെന്നും ഈ വെള്ളത്തിൽ അണുബാധയുണ്ടായിരുന്നുവെന്നതും കണ്ടെത്തുന്നത്. അതേസമയം മരുന്നിൽ കൃത്രിമത്വം നടന്നോ എന്നതും മെഡ്‌ഫോർഡ്  പൊലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവത്തിൽ ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ്  അസാന്‍റെ റോഗ് റീജിയണൽ മെഡിക്കൽ സെന്‍റർ അധികൃതർ പറയുന്നത്. മോഷണ വിവരം അറിഞ്ഞ ഉടനെ വിവരം പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ അണുബാധയേറ്റ് മരിക്കാൻ കാരണം വ്യക്തമായിരുന്നില്ല. രോഗികളുടെ മരണം അങ്ങേയറ്റം വിഷമമുണ്ടാക്കുന്നതാണ്. ഒരു വീഴ്ചയും സംഭവിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ ആശുപത്രിയിൽ വരുത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം സംഭവത്തിൽ ഇതുവരെ പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം. മോഷണക്കേസിനെ തുടർന്ന് ജോലിയിൽ നിന്നും പറഞ്ഞ് വിട്ട നഴ്സിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top