Kerala

കെ.രാധാകൃഷ്ണന് പകരം ആരാകും മന്ത്രി; ചര്‍ച്ചകള്‍ക്ക് സിപിഎം; ശ്രീനിജന് സാധ്യത കൂടുതല്‍

മന്ത്രി കെ.രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലെത്തിയതോടെ മന്ത്രിസഭയിലെ ഒഴിവില്‍ ആര് എത്തും എന്നതില്‍ രാഷ്ട്രീയ കേരളത്തിന് ആകാംക്ഷ. മന്ത്രിസഭയിലെ ഏക ദളിത് മുഖമായിരുന്നു കെ.രാധാകൃഷ്ണന്‍. അതുകൊണ്ട് തന്നെ അടുത്തമന്ത്രിയും ദളിത് വിഭാഗത്തില്‍ നിന്നാകാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഒരു പുതുമുഖം മന്ത്രിയായി എത്തും.

കുന്നത്തുനാട്ടിലെ പിവി ശ്രീനിജന്‍, കോങ്ങാട്ടെ ശാന്തകുമാരി, ബാലുശേരിയിലെ സച്ചിന്‍ദേവ്, തരൂരിലെ പിപി സുമോദ്, ദേവികുളത്തെ എ.രാജ, മാവേലിക്കരയിലെ എംഎസ് അരുണ്‍കുമാര്‍, ആറ്റിങ്ങലിലെ ഒഎസ് അംബിക എന്നിവരാണ് നിയമസഭയിലെ സിപിഎമ്മിന്റെ ദളിത് പ്രതിനിധികള്‍. ഇവരില്‍ ആരെ പരിഗണിക്കാം എന്നതിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

പിവി ശ്രീനിജന്‍ പരിഗണിക്കപ്പെടാന്‍ സാധ്യത കൂടുതലാണെന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്ത് നിന്നുള്ള എംഎല്‍എ എന്നതിനൊപ്പം ട്വന്റി ട്വന്റി അടക്കമുളള പാര്‍ട്ടികളുമായി കട്ടയ്ക്ക് പോരാടുന്നതും പിണറായിയോടുളള അടുപ്പവുമാണ് ശ്രീനിജന് സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നെത്തിയ ശ്രീനിജന്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ് 2021ൽ മത്സരിച്ച് വിജയിച്ചത്. പാര്‍ട്ടിയിലും ശ്രീനിജന് സ്വീകാര്യത വര്‍ദ്ധിച്ചിട്ടുണ്ട്.

യുവാക്കളെ പരിഗണിക്കാം എന്ന നിലയില്‍ ചര്‍ച്ച വന്നാല്‍ സച്ചിന്‍ ദേവും അരുണ്‍കുമാറും പരിഗണിക്കപ്പെടാം. ഭാര്യയും തിരുവനന്തപുരം മേയറുമായ ആര്യാ രാജേന്ദ്രനൊപ്പം തലസ്ഥാന നഗരത്തിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഉണ്ടാക്കിയ പ്രശ്നങ്ങൾ കൈവിട്ടുപോയി എന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ട്. ഈ വിഷയം പൊതുസമൂഹത്തിൽ ഉണ്ടാക്കിയ ഇമേജ് നഷ്ടം പരിഗണിച്ചാൽ സച്ചിൻദേവിൻ്റെ സാധ്യത മങ്ങും. ഇതാണ് അരുണ്‍കുമാറിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. നിലവില്‍ ജനകീയനെന്ന ഇമേജും അരുണ്‍കുമാറിനുണ്ട്. വനിതയാകാം എന്ന തീരുമാനം വന്നാല്‍ ശാന്തകുമാരിയോ അംബികയോ പരിഗണിക്കപ്പെടാം. നിലവിൽ മൂന്ന് വനിതാ മന്ത്രിമാർ ഉള്ളതിനാൽ അതിന് സാധ്യത കുറവാണ്.

ആരാകണം എന്നതില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തു നിന്നാണ് ഉണ്ടാകേണ്ടത്. നിലവിലെ സാഹചര്യത്തില്‍ മന്ത്രിയുടെ കാര്യത്തിൽ തീരുമാനം വൈകും. ഇനിയുളള നേതൃയോഗങ്ങളില്‍ തിരഞ്ഞെടുപ്പ് പരാജയമാകും സിപിഎം പ്രധാനമായും പരിശോധിക്കുക. പാലക്കാട് അടക്കം സംഘടനാ പ്രശ്‌നങ്ങളും പ്രചാരണത്തിലെ വീഴ്ചകളും ഇപ്പോള്‍ തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top