Kerala

കേരളത്തിൽ എൻഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലിൽ ഒന്നും മുൻ യുഡിഎഫുകാര്‍; എന്ത് വിരോധാഭാസമെന്ന് പിണറായി വിജയന്‍

മലപ്പുറം:ജനങ്ങളെ ബാധിക്കുന്ന മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യു ഡി എഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽ ഡി എഫും തമ്മിലാണ് കേരളത്തിലെ മത്സരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.യു ഡി എഫിന് കേന്ദ്ര സർക്കാരിന്‍റെ  സാമ്പത്തിക നയങ്ങൾക്കെതിരെ നിലപാടില്ല.വർഗീയ നീക്കങ്ങൾക്കെതിരെ ശബ്ദം ഉയരുന്നില്ല.പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചു പ്രകടനപത്രികയിൽ പരാമർശം പോലുമില്ല.

സ്വന്തം പാർട്ടിയുടേയോ ഘടകകക്ഷിയായ മുസ്ലിം ലീഗിന്‍റേയോ പതാക ഉയർത്തിപ്പിച്ച് നിവർന്നു നിന്ന് വോട്ടു ചോദിക്കാൻ പോലും കഴിവില്ലാത്തവരായി  കോൺഗ്രസ്സും യു ഡി എഫും അധഃപതിച്ചിരിക്കുന്നു.  ബിജെപിയെ എതിർക്കുന്നതിൽ പ്രത്യയശാസ്ത്രപരമായോ പ്രായോഗികമായോ കോൺഗ്രസ്സിന് ഒരു താല്പര്യവുമില്ല.കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്.കേരളത്തിലും  ഈ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിമാരുടെ മക്കളിൽ തുടങ്ങി പലരും ഇന്ന് ബിജെപി ഓഫീസിലേക്ക് ടിക്കറ്റെടുത്ത് നിൽക്കുകയാണ്.മലപ്പുറം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി യുഡിഎഫ് നോമിനിയായി കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലറായ വ്യക്തിയാണ്.

എറണാകുളത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി കോൺഗ്രസ്സിന്റെ സംഭാവനയാണ്. 2004 ൽ കാലടി സർവ്വകലാശാലയുടെ വൈസ് ചാൻസലർ പദവിയിലും 2011 ൽ പിഎസ് സി ചെയർമാന്റെ പോസ്റ്റിലും ഇദ്ദേഹത്തെയാണ് കോൺഗ്രസ്സ് നിയോഗിച്ചിരുന്നത്.പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി മുൻ കോൺഗ്രസ്സ് മുഖ്യമന്ത്രിയുടെ മകനും കോൺഗ്രസ്സ് പാർടിയുടെ ഐടി സെൽ തലവനുമായിരുന്നു.കണ്ണൂരിലെ ബിജെപി സ്ഥാനാർഥി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് കോൺഗ്രസ്സ് സ്ഥാനാർഥിയായി മത്സരിച്ചയാളാണ്.
മാവേലിക്കരയിലെ എൻഡിഎ സ്ഥാനാർഥി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ആയിരുന്നയാളാണ്.അതായത് ഇന്ന് കേരളത്തിൽ എൻഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലിൽ ഒന്നും മുൻ യുഡിഎഫുകാരാണ്.

ഇതേ കോൺഗ്രസ്സ് പാർടിയിൽ ഇരുന്നുകൊണ്ടാണ് രാഹുൽ ഗാന്ധിയും വിഡി സതീശനും മോദിക്കെതിരെ  മുഖ്യമന്ത്രി  സംസാരിക്കാത്തത് എന്താണെന്ന് ചോദിക്കുന്നത്. എന്ത് വിരോധാഭാസമാണിത്?   മത്സര ചിത്രത്തിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ബിജെപി കൂടുതൽ അപ്രസക്തമാവുകയും എൽ ഡി എഫ് ഉജ്വല വിജയം നേടുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top