Kerala

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

തിരുവനന്തപുരം: കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഞായര്‍ മുതല്‍ സര്‍വീസ് നടത്തുന്ന നവകേരള ബസ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ബുധനാഴ്ച ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു.

ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ബുധനാഴ്ച കോഴിക്കോട്ടേക്ക് ബസ് എത്തിക്കാനുള്ള യാത്ര തിരുവനന്തപുരം- കോഴിക്കോട് സര്‍വീസായി മാറി. ബുക്ക് ചെയ്ത 9 യാത്രക്കാരാണ് ബസ് പുറപ്പെട്ട തമ്പാനൂര്‍ ടെര്‍മിനലില്‍ നിന്നുള്ള യാത്രക്കാരായത്. വഴിയിലും ആളെ കയറ്റി.

എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറാനാണ് ഹൈഡ്രോളിക് ലിഫ്റ്റ്. ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ എന്നീ സൗകര്യവുമുണ്ട്. ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ ഒരുക്കിയ ചെയര്‍ മാറ്റി ഡബിള്‍ സീറ്റാക്കി. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്.

എല്ലാ ദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോടുനിന്നും യാത്രതിരിച്ച് 11.35 ന് ബംഗളൂരുവില്‍ എത്തും. പകല്‍ 2.30ന് ബംഗളൂരുവില്‍നിന്നും തിരിച്ച് രാത്രി 10.05 ന് കോഴിക്കോട്ട് എത്തിച്ചേരും. 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നല്‍കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top