കണ്ണൂർ: എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരായ പരാമർശം തിരുത്തി എം വി ജയരാജൻ. പറഞ്ഞതില്‍ ഒരു ഭാഗം അടർത്തിമാറ്റി പ്രചരിപ്പിച്ചുവെന്ന് കുറ്റപ്പെടുത്തിയാണ് അദ്ദേഹം തൻ്റെ നിലപാട് മാറ്റിയത്.

എഡിഎമ്മിന്റെ ആത്മഹത്യക്ക് ദിവ്യയുടെ പ്രസംഗം കാരണമായി എന്ന പേരില്‍ ഒരു കേസ് എടുത്തിട്ടുണ്ടെന്നും അത് അന്വേഷിക്കേണ്ടത് പൊലീസാണെന്നും ജയരാജൻ വ്യക്തമാക്കി.

പി പി ദിവ്യയുടെ പ്രസംഗത്തിലെ അവസാന ഭാഗം എഡിഎമ്മിന്റെ മരണത്തിന് കാരണമായി എന്നായിരുന്നു ഇന്ന് ഉച്ചയ്ക്ക് ജയരാജൻ പറഞ്ഞത്. നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങില്‍ പി പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശമെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. ദിവ്യയുടേത് ഔചിത്യമില്ലാത്ത പെരുമാറ്റമായെന്ന് പ്രതിനിധികള്‍ വിമർശിച്ചപ്പോള്‍, അവർക്കെതിരെ നടപടിയെടുത്തതിനെതിരെ ചോദ്യവുമുയർന്നു. കൂടാതെ മനു തോമസ് വിഷയത്തില്‍ പി.ജയരാജനെതിരെയും വിമർശനമുണ്ടായി.

