മലപ്പുറം: വിവാദം കനത്തതിന് പിന്നാലെ ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ സ്ഥാനത്തേയ്ക്ക് നിയമിച്ച സംഘപരിവാര്‍ സഹയാത്രികനായ അഭിഭാഷകന്‍ കൃഷ്ണരാജിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത്.

ഭരണസമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ലീഗ് നിര്‍ദേശപ്രകാരമാണ് നടപടി. കൃഷ്ണരാജ് ഇനി ഹാജരാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ തങ്കമ്മ പറഞ്ഞു.

പഞ്ചായത്ത് ഭരണസമിതി അറിയാതെയാണ് കൃഷ്ണരാജിനെ ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കോണ്‍സലാക്കി നിയമിച്ചതെന്ന ലീഗിന്റെ വാദം പൊളിഞ്ഞിരുന്നു. സ്റ്റാന്‍ഡിംഗ് കോണ്‍സലായി സംഘപരിവാര്‍ അഭിഭാഷകനെ നിയമിക്കാന്‍ തീരുമാനിച്ചത് പഞ്ചായത്ത് ഭരണസമിതിയാണെന്നതിന്റെ തെളിവ് ലഭിച്ചിരുന്നു.
വഴിക്കടവ് പഞ്ചായത്ത് ഭരണസമിതി തീരുമാനം എടുത്തതിന്റെ മിനുട്‌സാണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്. തീരുമാനം നടപ്പിലാക്കാന്‍ പഞ്ചായത്ത് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തിയ കാര്യം മിനുട്‌സിലുണ്ട്. 31/12/2024 ല്‍ കൂടിയ ഭരണസമിതി യോഗത്തിലായിരുന്നു തീരുമാനം. ഒരു കേസിന് 50,000 രൂപയാണ് ഫീസായി നല്‍കുന്നത്.
സിപിഐഎം നേതാവ് ഷെറോണ റോയിയുടെ ഭര്‍ത്താവ് പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ച സമയത്ത് നടത്തിയ നിയമനമാണ് കൃഷ്ണരാജിന്റേത് എന്നായിരുന്നു ലീഗ് വാദം. ഇതാണ് പൊളിഞ്ഞത്.

