കൊൽക്കത്തയിലെ വനിതാ ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആശങ്കയറിയിച്ച് പദ്മ പുരസ്കാര ജേതാക്കൾ. ഡോക്ടര്‍മാരായ 70 പേരാണ് കത്ത് നല്‍കിയത്. ഡോക്ടറുടെ മരണത്തിന് പിന്നിലുള്ള മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആരോഗ്യപ്രവർത്തകരുടെ ജീവന് സുരക്ഷയൊരുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
“ഡോക്ടർമാർ, മെഡിക്കൽ പ്രൊഫഷണലുകൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവയ്ക്ക് എതിരായുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള ബിൽ 2019ൽ തയ്യാറായെങ്കിലും ഇതുവരെ പാർലമെൻ്റിൽ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്തിട്ടില്ല. ബില്‍ പാസായാല്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഭയമില്ലാതെ പ്രവർത്തിക്കാൻ കഴിയും.” – അവർ കൂട്ടിച്ചേർത്തു.
കേസ് സിബിഐ ഏറ്റെടുത്തിട്ട് 10 ദിവസമായെങ്കിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. രണ്ട് അഭിഭാഷകരാണ് സുപ്രീംകോടതി ഇടപെടല്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഓഗസ്റ്റ് ഒമ്പതിനാണ് ആർജി കർ മെഡിക്കൽ കോളേജിലെ പിജി വനിതാ ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ജോലിയിൽ സുരക്ഷിതത്വം ആവശ്യപ്പെട്ട് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരും സമരത്തിലാണ്.