കോട്ടയം: തോട്ടില്‍നിന്ന് തേങ്ങയെടുക്കാന്‍ ശ്രമിക്കവേ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി.

വലിയതോട്ടില്‍വീണ് കാണാതായ മീനടം കാട്ടുമറ്റത്തില്‍ ഈപ്പന്‍ തോമസിന്റെ (കുഞ്ഞ്-66) മൃതദേഹമാണ് പത്താംദിവസം കണ്ടെത്തിയത്.

മേയ് 31-ന് വൈകീട്ട് 3.30-ഓടെ മീനടം ചക്കുങ്കല്‍പ്പടിയിലായിരുന്നു അപകടം. തൊഴിലാളിയെക്കൊണ്ട് പുരയിടത്തിലെ തേങ്ങ ഇടീക്കുന്നതിനിടെ തോട്ടിലേക്കുവീണ തേങ്ങ എടുക്കാനിറങ്ങിയപ്പോള്‍ ഈപ്പന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.അപകടമുണ്ടായ സ്ഥലത്തുനിന്ന് നാലു കിലോമീറ്ററോളം ദൂരത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. തോടിനു കുറുകെ കിടന്ന മരത്തിന് സമീപം ഉടക്കികിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഭാര്യ: സൂസന്‍ തോമസ്. മക്കള്‍: ടോം സ്റ്റീഫന്‍ (ഓസ്‌ട്രേലിയ), ജേക്കബ് സ്റ്റീഫന്‍ (മുംബൈ). മരുമകള്‍: സ്റ്റെഫി (കൂത്താട്ടുകുളം).

