കോട്ടയം മെഡിക്കൽ കോളജിൽ ക്യാൻസർ ബാധിതർ കൂട്ടിരിപ്പുകാർക്ക് അത്യാധുനിക വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. 1985 എംബിബിഎസ് ബാച്ച് വിദ്യാർത്ഥികളാണ് ഈ വിശ്രമ കേന്ദ്രത്തിന് പിന്നിൽ. മെഡിക്കൽ കോളജിന്റെ 60- -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് നെസ്റ്റ് എന്ന പേരിട്ടിരിക്കുന്ന വിശ്രമ കേന്ദ്രം ഒരുക്കിയത്.

ക്യാൻസർ ബാധിതർ അനുഭവിക്കുന്ന മാനസിക സംഘർഷം അതുപോലെ തന്നെ ഉള്ളിൽ കൊണ്ടുനടക്കുന്നവരാണ് കൂട്ടിരിപ്പുകാർ.എന്നാൽ മെഡിക്കൽ കോളജിൽ എത്തുന്ന കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യമുണ്ടായിരുന്നില്ല.ഈ വലിയ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് 1985ലെ എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥികളായ ഡോക്ടേഴ്സ് ഒരു വിശ്രമകേന്ദ്രം ഒരുക്കാൻ തീരുമാനിച്ചത്.

ക്യാൻസർ വാർഡിനോട് ചേർന്ന് 1000 ചതുരശ്രയടിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ബാച്ചിലെ 80 ഓളം പേർ നൽകിയ 35 ലക്ഷം രൂപ മുടക്കിയാണ് വിശ്രമ കേന്ദ്രമൊരുക്കിയത്. ഭക്ഷണം കഴിക്കാനുള്ള ഇടം, രണ്ട് നിലകളിലുള്ള കിടക്ക, സിസിടിവി ക്യാമറ, അത്യാധുനിക ബാത്റൂം തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇടങ്ങളുമുണ്ട്.
ആദ്യഘട്ടത്തിൽ ഐസിയുവിൽ കഴിയുന്നവരുടെ കൂട്ടിരിപ്പുകാർക്കാണ് വിശ്രമ കേന്ദ്രം ഉപയോഗിക്കാനാവുക. ഇതിനായി പ്രത്യേകം കാർഡുകൾ നൽകും. അസുഖ ബാധിതർക്ക് വേണ്ടിയും കൂട്ടിരിപ്പുകാർക്ക് വേണ്ടിയും ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനും 85 ബാച്ചിലെ ഈ ഡോക്ടേഴ്സ് തീരുമാനിച്ചിട്ടുണ്ട്.

