കോട്ടയം: കോട്ടയം മണർകാട് വിദ്യാർത്ഥി ചോക്ലേറ്റ് കഴിച്ച് അസ്വസ്ഥനായ സംഭവത്തില്‍ തുമ്പ് കിട്ടാതെ പൊലീസ്. ലഹരിയുടെ അംശമുള്ളില്‍ ചെന്നത് മിഠായിയില്‍ നിന്നാണെന്ന് സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞില്ല.

അതേസമയം, കുട്ടിക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതാണെന്നാണ് സംശയം. ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് നല്‍കിയ മരുന്നിന്റെ പാർശ്വഫലമായാണ് ബെൻസൊഡയാസിപെൻസിന്റെ അംശം കണ്ടെത്തിയതെന്നുമാണ് നിഗമനം. ചില മരുന്നുകളില്‍ നിന്ന് ബെൻസൊഡയാസിപെൻസ് ശരീരത്തില്‍ രൂപപ്പെടുമെന്ന് പൊലീസിന് ഡോക്ടർമാരുടെ ഉപദേശം കിട്ടിയിരുന്നു. കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടന്നുവരികയാണ്.
കോട്ടയം മണർകാട് നാല് വയസുകാരൻ സ്കൂളില്‍ നിന്ന് കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശമുണ്ടായിരുന്നെന്നാണ് പരാതി. അങ്ങാടിവയല്‍ സ്വദേശികളുടെ മകനെയാണ് കഴിഞ്ഞ ദിവസം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിലാണ് കുട്ടിയുടെ ഉള്ളില്‍ ലഹരിപദാർത്ഥത്തിന്‍റെ അംശം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പൊലീസിനും കളക്ടർക്കും പരാതി നല്‍കുകയായിരുന്നു.

