Kerala

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ എസ്എഫ്ഐ ആക്രമണം. മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും യൂണിയൻ പ്രതിനിധിയുമായ അഫാമിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. സംഭവത്തിൽ എസ്എഫ്ഐ നേതാവ് നന്ദകുമാർ അടക്കം 8 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രിയാണ് മഹാരാജസ് കോളേജ് ഹോസ്റ്റലിന് സമീപത്ത് ചായ കുടിക്കാൻ പോയ കെഎസ്‍യു പ്രവർത്തകനെ ബൈക്കിലെത്തിയ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി ആക്രമിച്ചത്. കത്തികൊണ്ട് മുഖത്ത് പരിക്കേൽപ്പിക്കുകയും ഹോളോബ്രിക്സ് ഉപയോഗിച്ച് ശരീരമാലകലം അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് അഫാം പൊലീസിന് നൽകിയ മൊഴി. അപസ്മാരം വന്ന് നിലത്ത് വീണിട്ടും മർദ്ദനം തുടർന്നു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‍യു പ്രതിനിധിയായി മത്സരിച്ച് വിജയിച്ചത് മുതൽ തന്നോട് എസ്എഫ്ഐ പ്രവർത്തകർക്ക് വൈരാഗ്യമുണ്ടായിരുന്നതായാണ് വിദ്യാർത്ഥി പറയുന്നത്.

എസഎഫ്ഐ നേതാവ് നന്ദകുമാർ, അർജ്ജുൻ അടക്കമുള്ളവരാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തതെന്ന അഫാമിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ 8 പേർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. നന്ദകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top