ഭോപ്പാൽ: മധ്യപ്രദേശ് സർക്കാരിനെ വെട്ടിലാക്കി 230 കോടി രൂപയുടെ ശമ്പള അഴിമതി.

50000 സർക്കാർ ഉദ്യോഗസ്ഥർ കഴിഞ്ഞ ആറ് മാസമായി ശമ്പളം കൈപറ്റിയിട്ടില്ല എന്ന കണ്ടെത്തലാണ് അഴിമതി സംബന്ധിച്ച സംശയം ബലപ്പെടുത്തിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥരുടെ കോഡ് നമ്പർ ഇപ്പോഴും സജീവമാണ്. എന്നിട്ടും ശമ്പളം കൈപ്പറ്റിയിട്ടില്ല എന്നാണ് കണ്ടെത്തൽ.

40000 സ്ഥിര ഉദ്യോഗസ്ഥരും 10000 താത്കാലിക ഉദ്യോഗസ്ഥരുമാണ് ശമ്പളം കൈപ്പറ്റാത്തത് എന്നാണ് കണ്ടെത്തൽ. ഇവരുടെയെല്ലാം ഇതുവരെയുള്ള ശമ്പളത്തുക 230 കോടി രൂപ വരും. ജീവനക്കാരുടെ കോഡ് നമ്പർ ഇപ്പോഴും സജീവമാണ് എന്നതിനാൽ ഏത് നിമിഷവും അവർക്ക് ശമ്പളം പിൻവലിക്കാം.
എന്നാൽ ഇനിയും ശമ്പളം പിൻവലിച്ചില്ല എന്നത് ഇവ വ്യാജമായി ചേർത്ത പേരുകളാണോ എന്നും ഈ പേരുകളിലൂടെ മറ്റ് ചില ഉദ്യോഗസ്ഥർ ശമ്പളം തട്ടിയെടുക്കാൻ ശ്രമിക്കുന്നുണ്ടോ എന്നുമാണ് സംശയം ഉയർന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ട്

