തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സിപിഐഎം പരിഗണിച്ചതേയില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം.

സിപിഐഎം ഏകപക്ഷീയമായാണ് പ്രവർത്തിച്ചതെന്നും തങ്ങളെ അടുപ്പിക്കുക പോലും ചെയ്തില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. മണ്ഡലത്തിന്റെ സ്വഭാവം പോലും അറിയാതെയായുള്ള പ്രചാരണമാണ് ആവിഷ്കരിച്ചതെന്നും എ വിജയരാഘവനും എം വി ഗോവിന്ദനും മാത്രമാണ് കാര്യങ്ങൾ തീരുമാനിച്ചതെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നു.

സ്ഥാനാർത്ഥിയെ തീരുമാനിക്കുന്ന സമയത്ത് തങ്ങളുമായി കൂടിയാലോചനയുണ്ടായിരുന്നില്ല. പാർട്ടി പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് സ്വരാജ് ആണ് സ്ഥാനാർത്ഥിയെന്ന് അറിഞ്ഞത്. കണ്ണൂരിൽ പ്രചാരണം നടത്തുന്നത് പോലെ നിലമ്പൂരിൽ പ്രചാരണം നടത്തിയിട്ട് കാര്യമില്ലെന്നും എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം ഉയർന്നു.

