നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണയുമായി എത്തിയവര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്.

ഇടതുപക്ഷത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞതിന് കലാരംഗത്തുള്ളവരെ അധിക്ഷേപിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സ്വരാജ് പറഞ്ഞു. എഴുത്തുകാരി കെ ആര്‍ മീര നിലപാട് പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കപ്പെടുകയാണ്. നിലമ്പൂര്‍ ആയിഷയും ആക്രമിക്കപ്പെടുന്നു. സംസ്‌കാരം തൊട്ടുതീണ്ടിട്ടല്ലാത്ത വിധം യുഡിഎഫ് സൈബര്‍ ഹാന്‍ഡിലുകള്‍ അവരെ ആക്രമിക്കുകയാണെന്നും സ്വരാജ് പറഞ്ഞു.

കെ ആര്‍ മീരയെ എഴുതാന്‍ പോലും അനുവദിക്കില്ല എന്ന തരത്തിലാണ് ഭീഷണി വരുന്നതെന്നും സ്വരാജ് പറഞ്ഞു. തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത ഒന്നും നിങ്ങള്‍ ചെയ്തുകൂടാ എന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. അതിന് പ്രേരിപ്പിക്കുന്ന തരത്തിലാണ് അവരുടെ രാഷ്ട്രീയ നേതൃത്വത്തിലുള്ള ചിലരുടെ പ്രതികരണം. നേതൃത്വം നേതൃത്വമാകണം.
കെ ആര്‍ മീരയെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനുള്ള നീക്കം അപലപനീയമാണെന്നും സ്വരാജ് പറഞ്ഞു.

