കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിവസം സമ്മേളന നഗരിയിലെത്തി നടനും എംഎല്‍എയുമായ മുകേഷ്. സ്വന്തം മണ്ഡലത്തിൽ സംസ്ഥാന സമ്മേളനം നടക്കുമ്പോഴും എംഎല്‍എയുടെ അസാന്നിധ്യം ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചും വിമര്‍ശിച്ചുമുള്ള പ്രതികരണമാണ് അദ്ദേഹം ആദ്യം നടത്തിയത്.

കൊല്ലത്ത് പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ സ്ഥലം എംഎല്‍എയുടെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആദ്യ രണ്ട് ദിവസം എത്താതിരുന്നത് ജോലിത്തിരക്ക് ആയതിനാലെന്നാണ് അദ്ദേഹം നൽകിയിരുന്ന വിശദീകരണം. താൻ സ്ഥലത്തില്ലായിരുന്നുവെന്നും അദ്ദേഹം പാർട്ടിയെ അറിയിച്ചിരുന്നു. മുകേഷിന്റെ അസാന്നിധ്യം ചർച്ചയായതോടെയാണ് അദ്ദേഹം സമ്മേളന വേദിയിൽ എത്തിയത്.

