Kerala

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു. അംഗങ്ങളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനും 40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പബ്ലിസിറ്റിക്ക് മാത്രമായി 15 ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നത്.

ലോകകേരള സഭ ഒരു ധൂര്‍ത്താണെന്ന പ്രതിപക്ഷ ആരോപണം കനത്തുനില്‍ക്കെ തന്നെയാണ് നാലാം സമ്മേളനത്തിനായി സര്‍ക്കാര്‍ രണ്ടുകോടി മാറ്റിവയ്ക്കുന്നത്. സമ്മേളനത്തിനുള്ള പന്തല്‍ കെട്ടാനും ഇരിപ്പിടം ഒരുക്കാനും 35 ലക്ഷം രൂപ. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന അംഗങ്ങള്‍ക്ക് മൂന്നുദിവസം തിരുവനന്തപുരത്ത് താമസിക്കാന്‍ 25 ലക്ഷം രൂപ. ഭക്ഷണത്തിന് പത്തുലക്ഷം. യാത്രയ്ക്ക് പണം ആവശ്യമുള്ളവര്‍ക്കായി നീക്കിയിരിപ്പ് അഞ്ചുലക്ഷം രൂപ. അടിയന്തിര ആവശ്യങ്ങള്‍ക്ക് 13 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.

ലോക കേരള സഭയില്‍ ഉയരുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാനായി അമ്പതുലക്ഷം രൂപ മാറ്റിവയ്ക്കും. വെബ്സൈറ്റ് നവീകരണത്തിനും വിവര സാങ്കേതിക സൗകര്യങ്ങള്‍ക്കുമായി എട്ടുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഓഫിസ് നടത്തിപ്പിനും മറ്റുചെലവുകള്‍ക്കുമായി 19 ലക്ഷം രൂപയും മാറ്റിവച്ചു. അടുത്തമാസം നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ 182 പ്രവാസി പ്രതിനിധികളാണ് പങ്കെടുക്കുന്നത്. എംഎല്‍എമാരുംസംസ്ഥാനത്തുനിന്നുള്ള എംപിമാരും ഉള്‍പ്പടെ ആകെ 351 അംഗങ്ങളാണ് ഇത്തവണത്തെ ലോക കേരള സഭയിൽ പങ്കെടുക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top