ന്യൂഡല്‍ഹി: ശ്രീലങ്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് അനുര കുമാര ദിസനായകെ. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്നും ദിസനായകെ പറഞ്ഞു. എക്‌സിലൂടെയാണ് അനുര കുമാര പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചത്. അതേസമയം, ശ്രീലങ്കയുടെ ഒന്‍പതാമത് പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ഇന്ന് രാവിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ.
‘പ്രധാനമന്ത്രി മോദി, നിങ്ങളുടെ നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും നന്ദി. ഇരും രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ പ്രതിബദ്ധത ഞാന്‍ പങ്കിടുന്നു. ജനങ്ങളുടെയും രാജ്യത്തിന്റെയും പ്രയോജനത്തിനായി സഹകരണത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കാം,’ ദിസനായകെ എ്കസില്‍ കുറിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ അനുര കുമാരയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ എക്‌സിലൂടെയായിരുന്നു മോദിയുടെ അഭിനന്ദനം. ശ്രീലങ്ക ഇന്ത്യയുടെ വിദേശനയത്തില്‍ സുപ്രധാനസ്ഥാനമുള്ള രാജ്യമാണെന്നും സഹകരണം ശക്തമായി കൊണ്ടുപോകാന്‍ ദിസനായകയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞിരുന്നു.
ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ സന്തോഷ് ജായും അനുര കുമാര ദിസനായകെയെ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചിരുന്നു. അനുരയുമായി കൂടികാഴ്ച നടത്തിയെന്നും ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമോദനസന്ദേശം അറിയിച്ചതായും ഹൈക്കമ്മീഷണര്‍ സന്തോഷ് ജാ വ്യക്തമാക്കി.