ഹൈദരാബാദ്: തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിനിടെ, പ്രതിദിനം 60,000 തീര്‍ഥാടകര്‍ വരുന്ന തിരുപ്പതി ക്ഷേത്രത്തില്‍ ലഡു വില്‍പ്പനയെ ബാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. നാല് ദിവസത്തിനിടെ 14 ലക്ഷത്തിലധികം തിരുപ്പതി ലഡു വിറ്റഴിച്ചതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു.
സെപ്റ്റംബര്‍ 19 ന് 3.59 ലക്ഷം ലഡുവും സെപ്റ്റംബര്‍ 20 ന് 3.17 ലക്ഷവും സെപ്റ്റംബര്‍ 21 ന് 3.67 ലക്ഷവും സെപ്റ്റംബര്‍ 22 ന് 3.60 ലക്ഷവും വിറ്റതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വില്‍പ്പന കണക്കുകള്‍ പ്രതിദിന ശരാശരിയായ 3.50 ലക്ഷം ലഡുവുമായി പൊരുത്തപ്പെടുന്നതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.