തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ തുരങ്കത്തില്‍ 4 മാസമായി ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും അടിയന്തര രക്ഷാമാര്‍ഗവുമില്ലെന്ന് പരാതി. തൃശൂര്‍ ഭാഗത്തേക്കുള്ള തുരങ്കം അടയ്ക്കുകയും ഇരുവശത്തേക്കുമുള്ള യാത്ര ഒരേ തുരങ്കത്തിലൂടെയാക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തുരങ്കത്തിനകത്തു മലിനവായു വലിച്ചെടുക്കുന്ന എക്‌സോസ്റ്റ് ഫാനുകള്‍ ഉണ്ടെങ്കിലും ഒരു ദിശയിലെ പൊടിപടലങ്ങള്‍ മാത്രം വലിച്ചെടുക്കുന്ന രീതിയിലാണിവ. തുരങ്കത്തിനുള്ളില്‍ വാഹനങ്ങള്‍ കൂടുതല്‍ സമയം നിര്‍ത്തിയിട്ടാല്‍ യാത്രക്കാര്‍ക്കു ശ്വാസതടസ്സം അനുഭവപ്പെടുന്നതും പതിവാണ്.
അപകടങ്ങളുണ്ടാകുമ്പോള്‍ വാഹനങ്ങള്‍ നീക്കുന്നതിനും അഗ്‌നിരക്ഷാ സേനയുടെ വാഹനം എത്തിക്കുന്നതിനുമായി 2 ഇടനാഴി തുരങ്കങ്ങളുണ്ടെങ്കിലും പ്രധാന തുരങ്കം അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈദ്യുതി തടസ്സത്തെത്തുടര്‍ന്നു തുരങ്കത്തിനുള്ളില്‍ ഇരുട്ടു പരന്നതു വലിയ ആശങ്കയ്ക്കിടയാക്കിയിരുന്നു.