Kerala

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റ വിദേശയാത്രയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കേരളം ദുരിതക്കയത്തില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. വിദേശയാത്ര സ്‌പോണസര്‍ഷിപ്പിലാണെന്ന് സംശയിക്കുന്നെന്നും പകരം ചുമതല നല്‍കാതെ പോയത് ശരിയായില്ലെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘പിണറായി വിജയന് മാത്രമേ അത്തരമൊരു യാത്ര സംഘടിപ്പിക്കാനാവൂ. ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവ് ഇല്ലേ?. ഒരു മുഖ്യമന്ത്രിയാണ് പോകുന്നത്. ചാര്‍ജ് കൊടുത്തോ അര്‍ക്ക് എങ്കിലും?. ഇവിടെ ഒരു അത്യാവശ്യ സംഭവം ഉണ്ടായാല്‍ ആര് പ്രതികരിക്കും? ആര് എറ്റെടുക്കും?. ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണ് പോകുന്നത്?. അങ്ങനെ പോകേണ്ട ആളാണോ മുഖ്യമന്ത്രി?. സര്‍ക്കാരിന്റെ പൈസയാണോ, സ്‌പോണസര്‍ഷിപ്പിലാണോ എങ്ങനെയാണ് പോയതെന്ന് ആര്‍ക്കും അറിയില്ല. എന്തിനാണ് ഇങ്ങനെ ഒളിച്ചോടുന്നത്?. പോകുന്ന കാര്യം വ്യക്തമാക്കി ജനങ്ങളോട് പറഞ്ഞാല്‍ എത്ര അന്തസ്സോടെ പോകാം. എന്തിനാണ് ഇങ്ങനെ കള്ളക്കളി നടത്തുന്നത്?’- കെ സുധാകരന്‍ ചോദിച്ചു.

‘സ്‌പോണ്‍സര്‍ഷിപ്പിലാണ് പോയതെന്ന് എനിക്ക് സംശയമുണ്ട്. അല്ലാതെ അങ്ങനെ പറയാതെ ഒന്നും പോകില്ല. സ്‌പോണര്‍ഷിപ്പിലായാലും കുഴപ്പമില്ല, അത് പറഞ്ഞാല്‍ പോരെ?. പോകുന്നിടത്ത് ഭാര്യയെയും മക്കളെയും കൂട്ടിപ്പോകേണ്ട കാര്യമുണ്ടോ? വേറെ പണിയൊന്നുമില്ലേ ഇയാള്‍ക്ക്. ആരെങ്കിലും ഇയാളുടെ കൂടെ വേണമെന്നുണ്ടെങ്കില്‍ രണ്ട് മൂന്ന് അല്‍സേഷ്യനെ കൂട്ടിക്കൊണ്ടുപോകാന്‍ പറ’ – സുധാകരന്‍ പറഞ്ഞു

കേരളത്തില്‍ ഇത്രയേറെ ജനം ദുരിതം അനുഭവിക്കുമ്പോള്‍ അതൊന്നും കാണാതെ ഒരു സുപ്രഭാതത്തില്‍ ഇറങ്ങിപ്പോകുമ്പോള്‍ എന്താണ് അദ്ദേഹത്തെ വിശേഷിപ്പിക്കുകയെന്ന് സുധാകരന്‍ ചോദിച്ചു. ഇന്തോനേഷ്യയില്‍ പോകുമ്പോള്‍ എന്തിനാണ് ദുബായി വഴി പോകുന്നത്?. നേരെ പോയാല്‍ എത്രസമയവും പണവും ലാഭിക്കാം. മകനെ കാണാന്‍ പോയതെന്നാണ് പറയുക. കുടുംബത്തിന്റെ അച്ഛാച്ഛന്‍ അപ്പുറത്ത് ഇല്ലാത്തത് ഭാഗ്യമെന്നും സുധാകരന്‍ പറഞ്ഞു.

രാജ്യത്ത് തെരഞ്ഞടുപ്പ് അവസാനിച്ചോ?. ഇടതുപക്ഷത്തിന് ഇന്ത്യയിലാകെയുളള മുഖ്യമന്ത്രിയാണ് പിണറായി. അവിടയൊക്കെ പോകേണ്ട ആളല്ലേ മുഖ്യമന്ത്രി. എല്ലായിടവും പോകുകയെന്നത് ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വമല്ലേ?. കുടുംബത്തെയും കൂട്ടി എക്‌സിബിഷന് പോയെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തിലും ഇരുപത് മണ്ഡലങ്ങളിലും ഇടതുപക്ഷം തോല്‍ക്കാന്‍ പോകുകയാണ്. അത് കാണാനാവാത്തതുകൊണ്ടാവും വിദേശത്തേക്ക് പോയതെന്നും സുധാകരന്‍ പരിഹസിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top