കാക്കനാട്: കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയിൽ കുർബാനയ്ക്കിടെ സംഘർഷമുണ്ടാക്കിയ അക്രമകാരികൾക്കെതിരെ നടപടിയെടുക്കുമെന്ന് സിറോ മലബാർ സഭ.

ഏകീകൃതരീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കണമെന്ന തീരുമാനത്തിന്റെ പേരിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങൾ അതീവ വേദനാജനകവും അപലപനീയവുമാണെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു.

പ്രസാദഗിരി പള്ളിയിൽ വയോധികനായ ഫാ. ജോൺ തോട്ടുപുറത്തെ വിശുദ്ധ കുർബാനയർപ്പണത്തിനിടെ അൾത്താരയിൽനിന്ന് ബലപ്രയോഗത്തിലൂടെ ഇറക്കി വിടുകയും അക്രമാസക്തരായ ഏതാനുംപേർ ചേർന്നു തള്ളിമറിച്ചിടുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ദൈവ വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നു. സാമാന്യ ബോധമുള്ളവർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ക്രൂരതയാണ് അരങ്ങേറിയത്.

