Kerala

കൂടത്തായി കൊലപാതകക്കേസ്; നെറ്റ്ഫ്ലിക്സിനെതിരെ രണ്ടാം പ്രതിയുടെ ഹർജി

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് രണ്ടാം പ്രതി രംഗത്ത്. നെറ്റ്ഫ്ലിക്സിനെതിരെ രണ്ടാം പ്രതി എം എസ് മാത്യു ഹർജി നൽകി. കൂടത്തായി കേസുമായി ബന്ധപ്പെട്ട് ചില ഓൺലൈൻ മാധ്യമങ്ങളും ചാനലുകളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി.

എം.എസ്. മാത്യു നൽകിയ ഹർജി പ്രോസിക്യൂഷന്റെ മറുപടിക്കായി 29-ാം തീയതിയിലേക്ക് മാറ്റി. ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒന്നാംപ്രതി ജോളി സമർപ്പിച്ച ഹർജിയും കൊലപാതകപരമ്പരയിലെ മറ്റുകേസുകളും അന്ന് കോടതി പരിഗണിക്കും.

ഇക്കഴിഞ്ഞ ഡിസംബർ 22-നാണ് കറി ആൻഡ് സയനേഡ്: ദ ജോളി ജോസഫ് കേസ് എന്ന പേരിൽ നെറ്റ്ഫ്ളിക്സ് ഡോക്യു സീരീസ് പുറത്തിറങ്ങിയത്. യഥാർത്ഥ ദൃശ്യങ്ങളും അഭിമുഖങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് സീരീസ് പുറത്തിറങ്ങിയത്. മലയാളം, ഹിന്ദി, ഇം​ഗ്ലീഷ് ഭാഷകളിൽ സ്ട്രീമിം​ഗ് തുടരവേയാണ് കേസിലെ രണ്ടാം പ്രതി ഇതിനെതിരെ ഹർജിയുമായി രം​ഗത്തെത്തിയത്.

അതിനിടെ കേസിൽ ജോളിയുടെ അയൽവാസിയെയും മുൻ താമരശ്ശേരി എസ്.ഐ.യെയും വെള്ളിയാഴ്ച വിസ്തരിച്ചു.റോയ് തോമസ് പൊന്നാമറ്റം വീടിന്റെ ബാത്ത് റൂമിൽ ബോധരഹിതനായി കുടുങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞ് അവിടെ ചെന്നിരുന്നെന്നും തന്റെ കാറിലാണ് റോയ് തോമസിനെ ഓമശ്ശേരി ശാന്തി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും 122 -ാം സാക്ഷി ജോളിയുടെ അയൽവാസിയായ മുഹമ്മദ് റൗഫ് മൊഴിനൽകി. 2011-ൽ സംഭവം നടക്കുമ്പോൾ കൂടെ ജോളിയും മഞ്ചാടിയിൽ മാത്യുവും വന്നിരുന്നെന്നും മുഹമ്മദ് റൗഫ് കോടതിയിൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top