പത്തനംതിട്ട: ആന ഷോക്കേറ്റ് ചരിഞ്ഞതിൽ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ മോചിപ്പിച്ചതിൽ വിമർശനവുമായി കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ.

ഫേസ്ബുക്ക് പോസ്റ്റിലാണ് എംഎൽഎക്കെതിരെ പരിഹാസവുമായി കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ രംഗത്ത് വന്നത്. വനപാലകരെയെല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചു വിടണമെന്നും ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണമെന്നും അസോസിയേഷൻ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.

ചർച്ചയായതോടെ പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായി. എന്നാൽ പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്നാണ് ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ അവകാശപ്പെടുന്നത്. മാസ് റിപ്പോർട്ടിംഗ് നടന്നതിനാൽ മെറ്റ പിൻവലിച്ചതാണെന്നാണ് ഇവർ നൽകിയിരിക്കുന്ന വിശദീകരണം.

