കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയായ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീക്കുട്ടിക്കെതിരെ ഭര്‍ത്താവ് അഭീഷ് രാജ്. എംബിബിഎസ് പഠനത്തിന് പോയതോടെ ശ്രീക്കുട്ടി മയക്കുമരുന്നിന് അടിമയായി. ശ്രീക്കുട്ടി ഇങ്ങനെയാകാന്‍ കാരണം ശ്രീക്കുട്ടിയുടെ അമ്മയും അച്ഛനുമാണെന്നും അഭീഷ് രാജ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ശ്രീക്കുട്ടി സേലത്ത് പഠിക്കാന്‍ പോയ ശേഷമാണ് ലഹരി ഉപയോഗം തുടങ്ങിയതെന്നും അഭീഷ് രാജ് പറഞ്ഞു. ഇതിനിടെ അജ്മലുമായി വഴിവിട്ട ബന്ധമുണ്ടെന്ന് മനസിലായി. ഇതോടെ ശ്രീക്കുട്ടിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. ശ്രീക്കുട്ടി ലഹരി ഉപയോഗിച്ചിരുന്നു എന്നതിന് തന്റെ കൈവശം ചില തെളിവുകളുണ്ടെന്നും അഭീഷ് രാജ് പറഞ്ഞു. ലഹരി ഉപയോഗിച്ചിരുന്നതായി ശ്രീക്കുട്ടി നേരത്തേ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം ശരിവെയ്ക്കുന്നതാണ് ഭര്‍ത്താവ് അഭീഷ് രാജിന്റെ പ്രതികരണം.
മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണ ദിവസമായിരുന്നു അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞുമോളെ ഇടിച്ചിട്ട ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കിയിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നു. നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്നു. അമിത വേഗത്തില്‍ പാഞ്ഞ കാര്‍ റോഡ് സൈഡില്‍ നിയന്ത്രണം വിട്ടാണ് നിന്നത്.
ഇതിനിടെ ബൈക്കിലെത്തിയ യുവാക്കള്‍ കാര്‍ തടഞ്ഞു. യുവാക്കള്‍ കാറിന്റെ ഡോര്‍ തുറന്ന് അജ്മലിനെ പുറത്തിറക്കി. നാട്ടുകാര്‍ തടഞ്ഞുവെച്ചെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. ഇതിനിടെ കൂടെയുണ്ടായിരുന്ന ശ്രീക്കുട്ടിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ശ്രീക്കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു. തൊട്ടടുത്ത ദിവസമാണ് അജ്മലിനെ പൊലീസ് പിടികൂടിയത്. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താത്ക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. കേസില്‍ പ്രതിയായതോടെ ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.